ABOUT US


ആമുഖം

ശ്രേഷ്ഠമായ  ഒരു സംസ്കാര സമ്പത്തിന്റെ ഉടമകളാണ് നാം. അതിനെ കാത്ത് സൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ പരമപ്രധാനമായ കടമയാണ്. ഒരു രാഷ്ട്രപുരോഗതിയുടെ കാര്യത്തിലെന്നവണ്ണം ഒരു കുടുബത്തിന്റെ ഭാവിശ്രേയസിന് അത്യന്താപേക്ഷിതമാണ് അതിന്റെ പൂർവ്വ കാലത്തെ പറ്റിയുള്ള അറിവ്. കഴിഞ്ഞ കാലഘട്ടത്തിന്റെ നേട്ടങ്ങൾ മനസിലാക്കി, അതിന്റെ അനുസ്യൂ തമായ തുടർച്ചയെന്നവണ്ണം വർത്തമാനകാലത്തെ രൂപപ്പെടുത്തുകയും ഭാവിയെ കരുപിടിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു 
വ്യക്തിയുടെയും സമൂഹത്തിന്റെയും ചുമതല.

പുന്നക്കുളത്തു  കുടുംബത്തിന്റെ ഉദ്ഭവസ്ഥാനം തിരുവല്ലയ്ക്കടുത്തു തിരുനല്ലൂർ സ്ഥാനത്താണ് എന്നും   അവിടെനിന്ന് വന്നു ചിറക്കടവിൽ  താമസമാക്കിയെന്നും അനുമാനിക്കുന്നു. മ്ലാത്തടത്തിൽ പുന്നക്കുളത്തു  തറവാട്ടിൽ നിന്ന് തുടങ്ങി ഇപ്പോൾ ഈ കുടുംബാംഗങ്ങൾ കേരളത്തിലെ വിവിധ ഭാഗങ്ങളിലും കൂടാതെ ഉദ്യോഗാർത്ഥം കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് വെളിയിലും താമസിക്കുന്നുണ്ട്. ഇവരെപ്പറ്റിയെല്ലാം അറിയുന്നതിനും അവരെ ആണ്ടിലൊരിക്കലെങ്കിലും ഒന്നിച്ചുകൂട്ടുന്നതിനും പരസ്പരം ആശയവിനിമയം നടത്തുന്നതിനും ഒരവസരമുണ്ടാക്കുവാനുമുള്ള സദുദ്യേശ്യത്തോടുകൂടിയാണ് കുടുംബയോഗം സംഘടിപ്പിച്ചിട്ടുള്ളത്. ഗതകാലസംഭവങ്ങളിൽ നിന്നുമുള്ള പ്രചോദനം ഉൾക്കൊണ്ടു വർത്തമാനകാലത്തു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തെങ്കിൽ മാത്രമേ ശോഭനമായൊരു ഭാവി പ്രതീക്ഷിക്കുവാൻ പറ്റുകയുള്ളു കൂടാതെ ഇത് ഐക്യത്തിനും പരസ്പരധാരണയ്ക്കുമുപരി സർഗ്ഗ ശക്തികളും നൈസർഗ്ഗീക വാസനകളും വളർത്തുവാൻ സഹായകരമാവുകയും ചെയ്യും. എല്ലാ സൃഷ്ടിയിലും ഒരേ ഒരേ ചൈതന്യമാണ് കളിയാടുന്നതെന്നും അക്കാരണത്താൽ തന്നെ സമഭാവനയോടെ സമസൃഷ്ടികളെ വീക്ഷിക്കുവാനും നമുക്ക് കഴിവുണ്ടാകണം.

ആദ്യ കുടുംബ പൊതുയോഗം ശ്രീ. മ്ലാത്തടത്തിൽ ഗോപാലൻ നായർ അവർകളുടെ  വസതിയിൽ വച്ച് 2015 മെയ് മാസത്തിൽ കൂടുകയുണ്ടായി. മേൽപ്പറഞ്ഞ വസതികളിലേക്കു വെളിച്ചം വീശുന്ന ഒന്നായിരുന്നു ആ സംഗമം. വാക്കുകൾകൊണ്ടും വാചകങ്ങൾ കൊണ്ടും വിവരിക്കുവാനാകാത്ത ഒട്ടനവധി വൈകാരിക മുഹൂർത്തങ്ങൾകൊണ്ട് ധന്യമായ ഒരു ഒത്തുചേരൽ.. അനുഭൂതികൾ വാരിവിതറിയ അപൂർവവും സുന്ദരവുമായ കുടുംബാംഗങ്ങളുടെ ഒരു കൂടിക്കാഴ്ച.. ഇത്തരമൊരു സമ്മേളനം ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു.

ഈ കുടുംബയോഗത്തിൽ നിന്നും പല നൂതനാശയങ്ങളും ഉരുത്തിരിഞ്ഞു. നമ്മുടെ കുടുംബത്തിൽ വ്യക്തിമുദ്ര പദിപ്പിച്ച മഹത്വ്യക്തികൾ പലരുമുണ്ട്. അസൂയാര്ഹമായ ആ നേട്ടങ്ങൾ കൊയ്ത ആ ശ്രേഷ്ഠ  പാരമ്പര്യത്തിന്റെ തണലിൽ ഈ തലമുറയിൽ ഉള്ളവർ പലരും പുതിയ പാതകൾ തേടുന്നു. തലമുറകൾ കൈമാറിയ ആത്മീയ ചൈതന്യത്തിന്റെ സുവര്ണരെശ്മികൾ നമ്മിലും പതിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത ഒരിക്കലും വിസ്മരിക്കുവാൻ സാധ്യമല്ല.

ഒരു വ്യക്തിയുടെ ഏകതാനമായ വളർച്ചയിൽ (Harmonious development of body, mind and soul) പരമപ്രാധാ ധാനമായതു ആത്മാവിന്റെ വളർച്ച തന്നെ. അടിസ്ഥാനശില പാരമ്പര്യം തന്നെ. ശ്രേഷ്ഠമായ ആ പാരമ്പര്യത്തെപ്പറ്റിയുള്ള ശരിയായ അറിവും, തലമുറകളായി പകർന്നുപോന്നിട്ടുള്ള പൈതൃകസ്വത്തും നാം അവകാശമായി കണക്കാക്കി സ്വായത്തമാക്കാൻ ശ്രമിച്ചാൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതം ധന്യമാകും.

ജീവിത സായാഹ്നത്തിലേക്ക് എത്തി നിൽക്കുന്ന ചില വിവേകശാലികളുടെ മനോമുകുരത്തിലുദിച്ച നിര്മലാശയവും അതിനു ഉണർവും ഉന്മേഷവും പകരുവാൻ  ശേഷിയുള്ള  കുറെ യുവപ്രതിഭകളുടെ ഹൃദയംഗമമായ സഹകരണവും അതുപോലെ നിസ്സീമമായ പിൻതുണ  നൽകുവാൻ തയ്യാറായ സഹൃദയരായ കുടുംബാംഗങ്ങളുടെയും, കൂട്ടായ ശ്രമഫലമാണ് ഈ വെബ്സൈറ്റിന്  പിന്നിലുള്ളത്.
ഈ വെബ്സൈറ്റിന്റെ നിർമാണത്തിന്  ഏറ്റവും പ്രചോദനമായത്  പേഴത്തിനാൽ ശ്രീ  റജിലാൽ അവർകളുടെയും,അതുപോലെ പുന്നക്കുളത്തു ഭാസ്കരൻ നായർ  മ്ലാത്തടത്തിൽ ഗോപാലൻ നായർ,മ്ലാത്തടത്തിൽ ശ്രീ ഗോപിനാഥൻ നായർ,പാവട്ടിക്കൽ ശ്രീ സോമൻ  തുടങ്ങിയവരുടെ ആത്മാർത്ഥമായ പിൻതുണകൊണ്ടുമാത്രമാണെന്ന് ആദരപൂർവം സ്മരിക്കുന്നു.

ഈ കുടുംബയോഗത്തിന്റെ ആയുസ്സിൽ അഞ്ചു  വര്ഷം തികയുവാൻ ഇനിയും ഏതാനും മാസങ്ങൾ കൂടി ബാക്കി നിൽക്കേ, ഇതിനോടകം നടന്ന പല കമ്മിറ്റി മീറ്റിംഗുകളും കുടുംബ സന്ദർശനങ്ങളും പുതിയൊരനുഭൂതിക്ക് വഴിവയ്ക്കുകയുണ്ടായിട്ടുണ്ട്  ചുരുങ്ങിയ സമയപരിധിക്കുള്ളിൽ വിരചിതമായ ഈ ചെറു വിവരണത്തിൽ  ചരിത്ര വസ്തുതകളുടെ കാര്യത്തിലും വിശദീകരണത്തിലും പോരായ്മകൾ വന്നിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കാതിരിക്കുന്നില്ല. 


നമ്മുടെ പൂര്വപിതാക്കന്മാരുടെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിങ്ങൾ ഓരോരുത്തരുടെയും അനുമതിയോടെ വരുംതലമുറയുടെ പ്രത്യാശകൾക്കും പ്രജോദനത്തിനും അനുഗുണമായി വരട്ടെയെന്ന പ്രാർത്ഥനയോടെ, ഈ വെബ്സൈറ്റ്  കുടുംബാംഗങ്ങൾക്കായി സദയം സമർപ്പിച്ചുകൊള്ളുന്നു